History of Grama Panchayat
History of Grama Panchayat
പാലക്കാട് ജില്ലയിൽ, പാലക്കാട് താലൂക്കിൽ, മലമ്പുഴ ബ്ലോക്കിലാണ് മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മരുതറോഡ്, മലമ്പുഴ വില്ലേജുകളുടെ പരിധിയിൽപ്പെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് പാലക്കാട് മുനിസിപ്പാലിറ്റി, മലമ്പുഴ പഞ്ചായത്ത് എന്നിവയാണ്.
കേരളത്തിൽ ആദ്യമായി വിവിധ വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് റോഡ്, കുടിവെള്ളം, പാർപ്പിടം, വൈദ്യുതി, മറ്റു ജീവിതോപാധികൾ എന്നിവ ലഭ്യമാക്കി മാതൃകാ അംബേദ്കർ ഗ്രാമം നിലവിൽ വന്നത് ഈ പഞ്ചായത്തിലെ പടലിക്കാടിലാണ്.
1964 ജനുവരി 1-ന് ഇന്നത്തെ രൂപത്തിലുള്ള മരുതറോഡ് പഞ്ചായത്ത് നിലവിൽ വന്നു. അതിനുമുമ്പ് കൊട്ടേക്കാട്, കല്ലേപ്പുള്ളി, മരുതറോഡ് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകൾ നിലവിലുണ്ടായിരുന്നു. പിന്നീട് പഴയ മരുതറോഡ് ഗ്രാമപഞ്ചായത്തും കൊട്ടേക്കാട്, കല്ലേപ്പുള്ളി ഗ്രാമപഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ചേർത്താണ് ഇന്നത്തെ മരുതറോഡ് പഞ്ചായത്ത് രൂപം കൊണ്ടത്.
പഞ്ചായത്തിന്റെ ആദ്യകാലത്ത് കൈപൊക്കി വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. രഹസ്യബാലറ്റ് സമ്പ്രദായപ്രകാരം ആദ്യ തിരഞ്ഞെടുപ്പ് 1961-ൽ നടന്നു. പുതുതായി നിലവിൽ വന്ന മരുതറോഡ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി ആലമ്പളം വി. പത്മനാഭൻ സേവനമനുഷ്ഠിച്ചു.
1970-കളിൽ ബി.പി.എൽ. ഇന്ത്യ എന്ന വൻകിട വ്യവസായ സ്ഥാപനം ഇവിടെ സ്ഥാപിതമായതോടെയാണ് ഈ പ്രദേശം ആധുനിക വ്യവസായരംഗത്തേക്ക് പ്രവേശിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായമേഖലയായി അതിവേഗം വികസിച്ചുവരുന്ന കഞ്ചിക്കോടിനും ജില്ലാകേന്ദ്രമായ പാലക്കാട് നഗരത്തിനും ഇടയിൽ ദേശീയപാതയോടു ചേർന്നുകിടക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈ പഞ്ചായത്തിനുണ്ട്.
എട്ടു കിലോമീറ്ററിനകത്ത് റെയിൽവേ സ്റ്റേഷനും 40 കിലോമീറ്ററിനുള്ളിൽ വിമാനത്താവളവും സ്ഥിതി ചെയ്യുന്നത് പ്രദേശത്തിന്റെ വ്യവസായ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന പ്രധാന പശ്ചാത്തല ഘടകങ്ങളാണ്.
‘നല്ല കൃഷിഭൂമി’ എന്ന അർത്ഥം വരുന്ന തമിഴ് പദമായ ‘മരുത’ എന്ന വാക്കിൽ നിന്നാണ് ‘മരുതറോഡ്’ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശത്തെ ജനങ്ങളുടെ ഭാഷയിലും സംസ്കാരത്തിലും ഇന്നും തമിഴ് സംസ്കാരത്തിന്റെ സ്വാധീനം പ്രകടമാണ്.